കൊട്ടിയൂർ: സിപിഎം നേതാക്കൾ വീടുവീടാന്തരം കയറി നോട്ടീസും ലഘുലേഖയും കൊടുത്ത് സാധാരണ ജനങ്ങളെ കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ ഭീകരത പറഞ്ഞ് ബോധവൽക്കരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സിപിഎമ്മിൻ്റെ പേരാവൂർ ഏരിയ കമ്മിറ്റിയാണ് ബോധവൽക്കരണത്തിന് ചുക്കാൻ പിടിക്കുന്നത്. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലായാൽ പരിസ്ഥിതി ലോല മേഖലയിൽ പെട്ട് കൊട്ടിയൂർ ജനത നട്ടം തിരിയുമെന്നും അതുകൊണ്ട് കസ്തൂരി രംഗൻ റിപ്പോർട്ട് വേണ്ടന്ന് ജനം പറയണം എന്നുമാണ് ഇപ്പോൾ സിപിഎം പറയുന്നത്. കഴിഞ്ഞ 10 വർഷം നിങ്ങളുടെ കാരണഭൂതമല്ലായിരുന്നോ കേരളം കക്ഷത്തിൽ വച്ച് ഭരിച്ചതെന്നും ആ കാലത്ത് എന്തുണ്ടാക്കിയെന്നും എന്തുകൊണ്ട് ഈ രംഗനെയൊന്നും വേണ്ട എന്ന് ഭൂതം പറഞ്ഞില്ല എന്നും തിരിച്ചു ചോദിക്കാൻ ജനം തയാറാകാത്തതു കൊണ്ട് അച്ചടിച്ച ലഘുലേഖ ചെലവാക്കാൻ പറ്റും എന്നുറപ്പ്. ഇവരെ പിന്താങ്ങി നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തുകാരൻ പണ്ട് കസ്തൂരി രംഗന് മുമ്പേ ഉണ്ടായിരുന്ന മാധവ് ഗാഡ്ഗിൽ പടച്ചുവിട്ട ഭൂലോക കോമഡി ചുമന്നു നടന്നവരും നടക്കുന്നവരുമാണ്. ആ റിപ്പോർട്ട് പ്രകാരം കേരളം മൊത്തം പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി നിയന്ത്രണം വേണം എന്ന ആ റിപ്പോർട്ടും പൊക്കിപ്പിടിച്ച് നടക്കുകയും വനം വകുപ്പിൽ ജോലി ചെയ്യുമ്പോൾ അതിനെയൊക്കെ നിശബ്ദമായി അടിച്ചേൽപ്പിക്കാൻ നിയമ പുസ്തകവും കാക്കിയും അണിയുകയും ചെയ്തവരൊക്കെയാണ് ഇപ്പോൾ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ പ്രചാരണത്തിനിറങ്ങിയതെന്ന് ചില നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാര്യം എന്തെങ്കിലുമാകട്ടെ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ ചുമന്നു നടക്കുകയും, കസ്തൂരി രംഗൻ റിപ്പോർട്ടിനെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കക്ഷത്തിൽ ഇറുക്കി വച്ച് സംരക്ഷിക്കുകയും ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മുന്നിൽ കയറി നിന്ന് റിപ്പോർട്ടിനെ എതിർക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്ന വൈരുധ്യാധിഷ്ഠിത ഭൗതീകവാദ കലാപരി അവതരിപ്പിക്കുകയും ചെയ്യുന്ന പാർട്ടി വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെങ്കിലും കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ രംഗത്ത് വന്നതിന് അഭിനന്ദിച്ചേ പറ്റു. ഇനി റിപ്പോർട്ട് ഉപേക്ഷിക്കാൻ കേന്ദ്രത്തിലെ ശുപ്പാണ്ടി സർക്കാർ തീരുമാനിച്ചാൽ അത് സിപിഎം വിപ്ലവത്തിലുടെയാണെന്ന് തട്ടി മൂളിക്കുകയും ചെയ്യാമല്ലോ. പണ്ട് പുഴയിലിറങ്ങിയ കാട്ടുപോത്തിനെ പിടിച്ച മുതലയുടെ മുതുകത്തിരുന്ന തവള, താൻ നേതൃത്വം നൽകിയതുകൊണ്ടാണ് മുതല പോത്തിനെ പിടിച്ചതെന്ന് അവകാശപ്പെട്ടതു പോലെയെങ്കിലും പറഞ്ഞു നിൽക്കാമല്ലോ! എന്തായാലും ബഹുമുഖ നിലപാടുമായി നടന്ന സിപിഎം ഇപ്പോൾ നിലപാട് തകിടം മറിച്ചതായി അഭിനയിച്ച് ജനത്തെ ലഘുലേഖ കെണിവച്ച് പിടിക്കാൻ നാട്ടിലേക്കിറങ്ങാൻ തയാറായതിൽ അഭിനന്ദിക്കുന്നു. അതിനിറങ്ങിയപ്പോൾ കസ്തൂരി രംഗൻ റിപ്പോർട്ടുപോലുള്ള ഇടപാടുകൾ ജനത്തിന് എങ്ങനെയാണ് പാരയാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനം അത് മനസ്സിലാക്കണം. പരിസ്ഥിതി ലോല മേഖല വനത്തിൻ്റെ 16 മൂലയ്ക്കുള്ളിൽ ഒതുക്കണമെന്നും ജനം നിറഞ്ഞ ഒരിടത്തും പാടില്ല എന്നുമാണ് സംസ്ഥാന സർക്കാരും സിപിഎം അടക്കമുള്ള കക്ഷികളും ജനങ്ങളും കർഷകരും ഒക്കെ എഴുതിയും പറയും പാടിയും കേന്ദ്രത്തിലെ ശുപ്പാണ്ടി സർക്കാരിനെ അറിയിക്കാൻ കഴിഞ്ഞ 60 ദിവസവും ശ്രമിച്ചത്. കേന്ദ്രത്തിലെ ശുപ്പാണ്ടി സർക്കാർ നേരേ ചൊവ്വേ ഒന്നും ചെയ്യില്ല എന്ന് 99.999 ശതമാനവും ഉറപ്പായതിനാൽ ജനങ്ങൾ ഒരു അനുകൂല നിലപാടും പ്രതിക്ഷിക്കേണ്ടതില്ല. നിലവിലെ പാറ്റാ, കോൺഗ്രസ് സമരത്തിൽ നിന്ന്. രക്ഷപ്പെടാൻ വേണ്ടി എന്തെങ്കിലും പൊടിക്കൈ തട്ടിപ്പുകൾ നടത്തുന്നതിനിടയിൽ ചിലപ്പോൾ കസ്തൂരി രംഗൻ ശുപാർശകളിൽ ഇളവ് കിട്ടിയാലായി. അങ്ങനെ കിട്ടിയാൽ അത് തങ്ങളുടെ പ്രതിഷേധ പരിപാടിയുടെ വിജയമാണെന്ന് വരുത്തി തീർക്കാനും കൂടി വേണ്ടിയാണ് പാർട്ടി ഒരു അപ്പക്കാള ലവൽ ചെറിയ ബുദ്ധിയുമായി ഇറങ്ങിയതെന്നതാണ് മറ്റൊരു വശം. എന്തായാലും രായമാണിക്യം പറഞ്ഞതുപോലെ ഇല്ലോളം താമയിച്ചാലും വന്നല്ലോ. അതു മതി.
പാർട്ടി പുറത്തിറക്കിയ ലഘുലേഖയിൽ ഈ പരിസ്ഥിതി ലോല റിപ്പോർട്ടിൻ്റെ ജനവിരുദ്ധമായ ദൂഷ്യങ്ങൾ പറയുന്നുണ്ട്.
അതിനാൽത്തന്നെ ഒരു കാരണവശാലും ഭാഗികമായി പോലും കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ അനുവദിക്കരുതെന്നാണ് ജനവും സംസ്ഥാന സർക്കാരും ആവശ്യപ്പെടേണ്ടത്. വനത്തിനുള്ളിൽ എന്ന വ്യവസ്ഥ വച്ച് തൽക്കാലം സമരസപ്പെടുമ്പോൾ നാം ആ നിയന്ത്രണങ്ങൾ ശരിയാണെന്ന് ബോധ്യമുള്ളവരാണെന്നും അതിനെ അംഗീകരിക്കുന്നവരാണെന്നും തന്നെയാണ് നാം അറിയാതെ, തിരിച്ചറിയാതെ പ്രഖ്യാപിക്കുന്നത്. അപ്പോൾ നിയമം നടപ്പിലാക്കാം എന്ന് സർക്കാർ തീരുമാനിക്കും.പക്ഷെ തൽക്കാലം ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും നടപ്പിലാക്കില്ല. പക്ഷെ നിയമം അംഗീകരിക്കപ്പെട്ടതായും നടപ്പിലാക്കുന്നതിനുള്ള നടപടി തുടങ്ങാമെന്നും സർക്കാർ തീരുമാനിക്കും. തുടക്കത്തിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള നിയമം നടപ്പിലാക്കും. നിയമം നടപ്പിലാക്കുന്നതോടെ ആ നിയമം അവിടെ പ്രയോഗത്തിൽ എത്തി. പിന്നെ കാലം കഴിയുംതോറും ആ നിയമത്തിൽ പരിഷ്കരണമെന്ന പേരിൽ പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് കെട്ടി വനത്തിൻ്റെ അതിർത്തികൾക്ക് പുറത്തേയ്ക്ക് നിയമത്തിലെ നിയന്ത്രണങ്ങൾ ഇറങ്ങി വരും. ഒടുക്കം നിയമത്തിലെ എല്ലാ നിയന്ത്രണങ്ങളും കുറച്ചു കാലത്തിനുള്ളിൽ ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും അടിച്ചേൽപ്പിക്കും. ഇതാണ് നിയമം നിലവിൽ വന്നാൽ ഉള്ള കുഴപ്പം. അതിനാൽ ഈ റിപ്പോർട്ടിനെയും അതിലെ വ്യവസ്ഥകളെയും ഒരു ശതമാനം പോലും അംഗീകരിക്കില്ലെന്നും ഭാഗികമായി പോലും, അത് വനത്തിലാണെങ്കിൽ പോലും നടപ്പിലാക്കാൻ പാടില്ല എന്നുമാണ് ജനം പറയേണ്ടത്. വനം സംരക്ഷിക്കാൻ നിലവിൽ തന്നെ നിരവധി ക്രൂരവും മനുഷ്യത്വരഹിതവുമായ നിയമങ്ങൾ ഈ രാജ്യത്തുണ്ട്. അത് തന്നെ ധാരാളമുള്ളപ്പോൾ പുതിയ നിയമം വേണ്ട എന്ന് സംസ്ഥാന സർക്കാരും ജനവും തുറന്ന് പറഞ്ഞ് എതിർക്കണം. നാടിനെയാകെ കടാക്കാൻ വേണ്ടി മാധവ് ഗാഡ്ഗിൽ പടച്ചുവിട്ട റിപ്പോർട്ടും, നാട്ടിലെ ചിലയിടങ്ങൾ മാത്രം കാടാക്കി തുടങ്ങി പതിയെ പതിയെ മുഴുവൻ വനം വകുപ്പ് ഭരണത്തിൻ്റെ കീഴിൽ എത്തിക്കാമെന്നുള്ള ലക്ഷ്യത്തോടെ കസ്തൂരി രംഗൻ റിപ്പോർട്ടും ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തിന് ഒരു നിലയിലും ആവശ്യമില്ലാത്തതാണ്. ആ വേസ്റ്റ് വികസന പാതയിൽ മുന്നേറുന്ന ഈ രാജ്യത്തിലെ പൊതു ജനത്തിൻ്റെ തലയിലേക്ക് പൊത്തി വച്ച് കൊടുക്കുന്നത് തടഞ്ഞേ പറ്റൂ. അതിനാൽ മാധവ് ഗാഡ്ഗിൽ റി റി പ്പാർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഇന്നത്തെയും നാളത്തെയും ചുറ്റുപാടുകളിൽ ജനത്തിന് ആവശ്യമില്ലാത്തവയാണ് എന്ന് പ്രഖ്യാപിക്കണം. ഭാഗികമായി പോലും രാജ്യത്തൊരിടത്തും ഈ തരം റിപ്പാർട്ടുകളും അതിൻ്റെ പേരിലുള്ള നിയമങ്ങളും നടപ്പിലാക്കരുത്. അത് നടപ്പിലാക്കുന്നത് പൗരാവകാശ ലംഘനമാണ്, മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യൻ യൂണിയൻ മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ജനത്തിനൊപ്പം നിന്ന് എതിർക്കുകയും ചെയ്യണം. എന്നിട്ടും കേന്ദ്രം നടപ്പിലാക്കാൻ ശ്രമിച്ചാൽ
വനംവകുപ്പിനെ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഭരണഘടനാപരമായി ഇപ്പോൾ പോലും വനംവകുപ്പിന് മുകളിൽ യൂണിയൻ സർക്കാരിനും സംസ്ഥാന സർക്കാരിനും തുല്യ അധികാരാവകാശങ്ങളാണ് ഉള്ളത്. അവിടെ ഏകപക്ഷീയമായി യൂണിയൻ സർക്കാർ നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയില്ല. കാരണം സംസ്ഥാനത്തെ ജനകീയ താൽപര്യം സംരക്ഷിക്കാനാണ് ഭരണഘടന സംസ്ഥാന സർക്കാരുകളെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെയും അനുവദിച്ചിട്ടുള്ളത്. അതിനാൽ സംസ്ഥാന സർക്കാർ ധൈര്യമായി തന്നെ റിപ്പോർട്ടിനെ തള്ളിക്കളയണം. അതാണ് സ്വീകരിക്കേണ്ട നിലപാട്.
സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് നോട്ടീസ് വിതരണവുമായി വീടുകൾ കയറിയിറങ്ങുന്ന ഈ സമയത്തി കോൺഗ്രസ് എന്തെടുക്കുകയാണ്? അവർ ഉറക്കത്തിലാണ്. കാരണം സംസ്ഥാന സർക്കാർ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയോടെ, സിപിഎമ്മിൻ്റെ കൂടി പിൻബലത്തിൽ ഒരു ശുപാർശ യൂണിയൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ മാത്രം പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണമെന്നും പുറത്ത് നിയന്ത്രണങ്ങൾ പാടില്ലയെന്നുമാണ് ശുപാർശ ചെയ്തിട്ടുള്ളത്. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ രണ്ട് വില്ലേജ്കളെയാണ് പരിസ്ഥിതി ലോല പ്രദേശമായി കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമുള്ള നിയന്ത്രണങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒരേ നിയോജകമണ്‌ഡലത്തിൽ തന്നെ
രണ്ട് വന്യജീവി സങ്കേതങ്ങൾ ഉള്ളതും സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് എന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാനത്തും പഞ്ചായത്തിലും ഭരണമുണ്ട്. പക്ഷെ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വം ഉറക്കത്തിലാണ്. ജനവാസ കേന്ദ്രങ്ങളേയും തോട്ടങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കിക്കൊണ്ട്, വനത്തിൽ മാത്രം പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ചും കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ശുപാർശ കേന്ദ്രത്തിലോട്ട് എഴുതി അയച്ചുകൊടുത്തിട്ടുണ്ട്, ഇനി ഒരു പ്രശ്നവുമില്ല, എല്ലാ പ്രശ്നവും തീർന്നു എന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ ഒരു നിലപാട്. വെള്ളാനകളുടെ നാട്ടിലെ ഫിറ്ററായ പപ്പുവിൻ്റെ റോളിൽ ഈപ്പ ശര്യാക്കിത്തരാം, മെയ്ദീനേ, ആ ചെരീയ സ്പാനറിങ്ങെടുത്തോ എന്ന ലൈനിലാണ് പാർട്ടി. നാട്ടുകാരനായ എംഎൽഎ, ഇപ്പോൾ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയാണ്, പോരാത്തതിന് കെപിസിസി പ്രസിഡൻ്റുകൂടിയാണ് എന്നതിനാൽ എല്ലാം അദ്ദേഹം നോക്കട്ടെ എന്നാണ് നിലപാട്. പക്ഷെ ഏകാധിപത്യപരമായി പരിസ്ഥിതി ലോല കാര്യം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് പോലും അട്ടിമറിക്കുന്ന ഒരു കേന്ദ്ര സർക്കാരാണെന്ന ബോധ്യം പേരാവൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വത്തിനില്ലാതെ പോയി. ആ കഴിവുകേട് മുതലെടുക്കാനാണ് സിപിഎം ഇപ്പോൾ ലഘുലേഖയുമായി വീട് കയറുന്നതെന്ന ബോധം പോലും കോൺഗ്രസിന് വന്നിട്ടില്ല. ലാവലിൻ കേസ് പോലും 40 തവണ സുപ്രീം കോടതിയെ കൊണ്ട് അവധി മാറ്റിക്കാൻ കഴിവുണ്ടായിരുന്ന പിണറായി വിജയൻ 10 കൊല്ലം സംസ്ഥാനം അടക്കി ഭരിച്ചിട്ടും സ്തൂരി രംഗൻ റിപ്പോർട്ട് ഉപേക്ഷിക്കണമെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്താനാകാതെ പോയതെന്ത് എന്നതാണ് അതിശയകരമായ വസ്തുത. രാഷ്ട്രീയ ഒത്തുതീർപ്പ് സർക്കാരായി 10 കൊല്ലം പിണറായി വിജയനും നരേന്ദ്ര മോഡിയും ഒന്നിച്ചു നീങ്ങിയിട്ടും ഉപേക്ഷിക്കാത്ത കസ്തൂരി രംഗൻ റിപ്പോർട്ടിനെ മോഡിയുടെയും വിജയൻ്റെയും കടുത്ത രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ് ഭരിക്കുമ്പോൾ തടയുക എളുപ്പമാകില്ല. യഥാർത്ഥത്തിൽ സിപിഎമ്മിൻ്റെ വീടുകയറ്റം കോൺഗ്രസിന് വയ്ക്കുന്ന പാരയാണ്. മുതലെടുപ്പ് മാത്രമാണ് അവരുടെ ലക്ഷ്യം. അവിടെ കെ പി സി സി പ്രസിഡൻ്റ് തന്നെ കോട്ട കെട്ടി നിൽക്കണമെന്നും തങ്ങൾ ചെറുവിരൽ പോലും അനക്കേണ്ടതില്ല എന്നും നിലപാടെടുക്കുന്ന പ്രാദേശിക നേതൃത്വങ്ങൾ പാർട്ടിയെ തകർക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിനെ കണ്ണടച്ച് വിശ്വസിച്ച് കാത്തിരിക്കാതെ ഇതു വരെയുള്ളതു പോലെ പ്രതിരോധവും പ്രതിഷേധവും തുടരാൻ കോൺഗ്രസായിരുന്നു മുന്നിട്ടിറങ്ങേണ്ടിയിരുന്നത്. പക്ഷെ അതുണ്ടായില്ല എന്ന വിമർശനം പാർട്ടിയിൽ ശക്തമാണിപ്പോൾ. നിയോജക മണ്ഡലം മുതൽ ബ്ലോക്ക്, മണ്ഡലം വരെ ചിലയിടങ്ങളിൽ എങ്കിലും നേതൃമാറ്റം അത്യാവശ്യമാണ് എന്നും പാർട്ടിയിൽ ആവശ്യം ശക്തമാണ്. അന്തർദേശീയ ഗ്രീൻ ട്രൈബ്യൂണലിൻ്റെ നിരന്തര ഇടപെടലുകളെ തുടർന്ന് കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ പേരിലുള്ള നടപടിക്രമങ്ങൾ തുടരുന്ന സമയത്ത് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് മുന്നണികളാണ് ഭരിച്ചിരുന്നത്. എന്നിട്ടും കോൺഗ്രസ് പാർട്ടി തന്നെ ആ നിയമനിർമാണ നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടും സമരവുമായി രംഗത്ത് നിറഞ്ഞു നിന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇന്ത്യാ മുന്നണിയിൽ കൂടെ നടന്ന് തന്നെ പാര പണിയുന്ന സിപിഎമ്മും ശ്രമിക്കുന ഇക്കാലത്ത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഒരു ശുപാർശയുടെ ബലത്തിൽ കിടന്നുറങ്ങുന്ന പ്രാദേശിക പാർട്ടി നേതൃത്വം കോൺഗ്രസിന് വിനയാകുകയാണ് എന്നും പാർട്ടിക്കുള്ളിൽ ആരോപണം ശക്തമാണ്. സിപിഎമ്മിൻ്റെ ഡബിൾ ഏജൻ്റ് നീക്കത്തെ കോൺഗ്രസ് എങ്ങനെ തടയിടും എന്നറിയാൻ കാത്തിരിക്കുകയാണ് അണികളും പ്രവർത്തകരും നാട്ടുകാരും.
രണ്ട് വില്ലേജുകളിലായി 8000 ൽ അധികം വീടുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ആരാധനാലയങ്ങളും നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളും ഉള്ളതും വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നതുമായ പ്രദേശങ്ങളിൽ ഇക്കാലത്ത് ഇഎസ്എ നിയന്ത്രണങ്ങൾ നടപ്പിലായാൽ അത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കും എന്നതാണ് വാസ്തവം. നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ശാസ്ത്രീയ കൃഷിരീതികൾ അസാധ്യമാകുകയും ചെയ്യും. ഭൂമി വിൽക്കാനോ ബാങ്ക് വായ്‌പകൾ എടുക്കാനോ പോലും സാധിക്കാതെ വരുന്നത് ചികിത്സ വിദ്യാഭ്യാസം, വിവാഹം, ജീവനോപാധി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. കരട് റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ട് പ്രതിഷേധിക്കാൻ കാത്തിരിക്കാതെ പ്രതിരോധവുമായി കോൺഗ്രസ് രംഗത്ത് വരേണ്ട കാലമായി .
CPM used Kasthuri Rangan to scare the hill people and take advantage of them. Congress came to power without understanding the situation.























